Izzatul Islam Sunni Madrassa

Call Contact the university

Izzatul Islam Sunni Madrassa Izzathul Islam Sunni Madrassa is an institution affiliated by sunni vidhyabhyasa board

14/08/2026
(ചിറവഴികളിലൂടെ കടന്നുവന്ന റബീഉൽ അവ്വൽ.ഒരു ഗ്രാമവും, ഒരു ബാല്യവും, ഒരു പ്രവാസിയുടെ മനസ്സും)**✍️ അബൂ വാഫി പാലത്തുങ്കര**===...
25/07/2026

(ചിറവഴികളിലൂടെ കടന്നുവന്ന റബീഉൽ അവ്വൽ.
ഒരു ഗ്രാമവും, ഒരു ബാല്യവും, ഒരു പ്രവാസിയുടെ മനസ്സും)

**✍️ അബൂ വാഫി പാലത്തുങ്കര**
===========================

റബീഉൽ അവ്വൽ വരാനിരിക്കുകയാണെന്ന് കലണ്ടർ പറയുന്നതിന് മുമ്പേ, മനസ്സ് അത് തിരിച്ചറിയാറുണ്ട്. കാരണം ചില മാസങ്ങൾക്ക് അങ്ങനെയൊരു പ്രത്യേകതയുണ്ട്. അവ കലണ്ടറിലെ താളുകളിൽ മാത്രമല്ല, മനുഷ്യരുടെ ഓർമ്മകളിലും ആദ്യം ഉദിക്കും. റബീഉൽ അവ്വലും അങ്ങനെയാണ്. നബി മുഹമ്മദ് മുസ്തഫ ﷺ യുടെ ജന്മമാസം അടുത്തെത്തുമ്പോൾ, വർഷങ്ങളുടെ ദൂരം പിന്നിട്ട് മനസ്സ് അറിയാതെ എൻ്റെ ചെറിയ ഗ്രാമത്തിലേക്ക് മടങ്ങിപ്പോകും. മഴ നനഞ്ഞ മണ്ണിന്റെ മണം, പച്ചപുതച്ച നെൽപ്പാടങ്ങൾ, നെൽപ്പാടങ്ങൾക്ക് അതിരിടുന്ന ചിറവഴികൾ, ദൂരെയെങ്ങോ നിന്ന് കേൾക്കുന്ന തക്ബീറിന്റെ മുഴക്കം, കൂട്ടുകാരുടെ ചിരി, വർണ്ണ കടലാസുകൾ തീർത്ത ചമയങ്ങൾ—എല്ലാം വീണ്ടും ജീവൻവെക്കും.

ഓരോ മനുഷ്യന്റെയും ജീവിതത്തിൽ കാലം മായ്ക്കാൻ കഴിയാത്ത ചില ഓർമ്മകളുണ്ട്. എത്ര ദൂരെയെത്തിയാലും മനസ്സ് വീണ്ടും വീണ്ടും തിരികെ പോകുന്ന ചില വഴികളുണ്ട്. അങ്ങനെയൊരു വഴിയാണ് റബീഉൽ അവ്വൽ.
ലോകമെമ്പാടുമുള്ള സത്യവിശ്വാസികൾക്ക് റബീഉൽ അവ്വൽ ആത്മീയ ആഹ്ലാദത്തിന്റെ മാസമാണ്. സർവലോകത്തിനും കാരുണ്യമായി അല്ലാഹു നിയോഗിച്ച പ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ യെ കൂടുതൽ സ്നേഹത്തോടെയും ആദരവോടെയും ഓർക്കുന്ന ദിനങ്ങൾ. എന്നാൽ കേരളത്തിലെ ഗ്രാമങ്ങളിൽ വളർന്ന ഞങ്ങളുടെ തലമുറയ്ക്ക് റബീഉൽ അവ്വൽ അതിലും കൂടുതലായിരുന്നു. അത് ഒരു ആഘോഷമല്ല; ഒരു ജീവിതരീതിയായിരുന്നു. ഒരു ഗ്രാമം മുഴുവൻ ഒരേ ഹൃദയമായി മാറിയിരുന്ന ദിവസങ്ങളായിരുന്നു. ആ ആത്മീയാന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് മദ്രസകളായിരുന്നു. ഗ്രാമത്തിന്റെ ഹൃദയസ്പന്ദനമായിരുന്ന മദ്രസ, ഖുർആൻ പഠിപ്പിക്കുന്ന ഒരു സ്ഥാപനം മാത്രമായിരുന്നില്ല, സ്നേഹിക്കാനും ആദരിക്കാനും ഒരുമിച്ച് ജീവിക്കാനും പഠിപ്പിച്ച ജീവിതപാഠശാലയായിരുന്നു.

റബീഉൽ അവ്വൽ എത്തുമ്പോൾ എല്ലാവരുടെയും മനസ്സ് കാത്തിരിക്കുന്നത് ആ ഘോഷയാത്ര ആയിരിക്കും. റബീഉൽ അവ്വൽ 12-ന്റെ തലേ ദിവസം കുട്ടികൾക്ക് ഉറങ്ങാൻ പോലും ക്ഷമയുണ്ടാകില്ല. നാളെ ഏത് വരിയിലായിരിക്കും നിൽക്കുക, ആരൊക്കെയാകും ഒപ്പം നടക്കുക, റാലി എപ്പോഴാകും പുറപ്പെടുക—അത്തരം ചിന്തകളിലായിരിക്കും അവരുടെ ലോകം. ഒടുവിൽ എല്ലാവരും കാത്തിരുന്ന ആ പുണ്യപ്രഭാതം എത്തും.
അന്ന് ഗ്രാമം പതിവുപോലെയായിരിക്കില്ല. മുതിർന്നവർ ജോലിക്ക് പോകില്ല. അടുത്ത പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർ പോലും നബിദിനത്തിൽ പങ്കെടുക്കാൻ അവരവരുടെ വീടുകളിൽ എത്തും. പുലർച്ചെ മുതൽ പള്ളിമുറ്റത്തും മദ്രസയിലും ആളുകളുടെ തിരക്ക് തുടങ്ങും. പുതുവസ്ത്രങ്ങളണിഞ്ഞ കുട്ടികൾ ഓരോരുത്തരായി എത്തും. ആരുടെയെങ്കിലും തൊപ്പി ചെരിഞ്ഞാൽ, കുപ്പായം ചുളിഞ്ഞാൽ കൂട്ടുകാരൻ നേരെയാക്കും. ബാഡ്ജ് ഇളകിയാൽ അധ്യാപകൻ ശരിയാക്കിക്കൊടുക്കും. ചെറിയ കുട്ടികളുടെ വരികൾ ക്രമപ്പെടുത്തുന്നതിലും മുതിർന്ന വിദ്യാർഥികളെ അണിനിരത്തുന്നതിലും അധ്യാപകർ തിരക്കിലായിരിക്കും. ആ തിരക്കിനിടയിലും എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരിയുണ്ടാകും. അന്ന് ഗ്രാമത്തിന്റെ വായുവിന് പോലും മറ്റൊരു സുഗന്ധമുണ്ടെന്ന് തോന്നും.

റാലി പുറപ്പെടുന്നതിന് തൊട്ടുമുമ്പ് പള്ളിമുറ്റത്തേക്ക് മറ്റൊരാൾ കൂടി എത്തും; ഒരു സൈക്കിളുമായി. ആ സൈക്കിൾ ഇന്നത്തെ കുട്ടികൾക്ക് കൗതുകമായിരിക്കാം, എന്നാൽ ഞങ്ങളുടെ കാലത്ത് അത് നബിദിന റാലിയുടെ അവിഭാജ്യഘടകമായിരുന്നു. ആംപ്ലിഫയർ, വലിയ ബാറ്ററി, കോളാമ്പി സ്പീക്കർ, മൈക്ക്, ചുറ്റിപ്പിണഞ്ഞ വയറുകൾ... എല്ലാം ഭദ്രമായി കെട്ടിവെച്ച് ഒരാൾ ആ സൈക്കിൾ പതുക്കെ തള്ളിക്കൊണ്ടുവരും. റാലി മുന്നോട്ടുനീങ്ങുമ്പോൾ ആ സൈക്കിളും അതിനൊപ്പം നീങ്ങും. ബദറിലും ഉഹദിലും മുഴങ്ങിയ ആ ചരിത്ര തക്ബീറിന്റെ ധ്വനികൾ പുറത്തുവന്നത് ഈ കോളാമ്പിയിലൂടെയായിരുന്നു. ഇന്ന് എത്ര ആധുനിക സൗണ്ട് സംവിധാനങ്ങൾ വന്നാലും, ആ സൈക്കിളിൽ മുഴങ്ങിയിരുന്ന തക്ബീറിന്റെ ചൂടും ആത്മീയതയും മറ്റൊന്നിനും പകരംവയ്ക്കാനാകില്ല.
“അല്ലാഹു അക്ബർ... അല്ലാഹു അക്ബർ...”
ആ ശബ്ദം പാലത്തുങ്കരയുടെ ചിറവഴികളിലൂടെ ഒഴുകിപ്പോകും. നെൽപ്പാടങ്ങൾക്കുമേൽ പരക്കും. കാറ്റിനൊപ്പം വീടുകളുടെ മുറ്റങ്ങളിലേക്ക് എത്തും. റാലി എത്തുന്നതിനുമുമ്പേ അതിന്റെ ശബ്ദം ഗ്രാമത്തെ ഉണർത്തിയിരിക്കും. അപ്പോഴേക്കും വീടുകളുടെ വാതിലുകൾ തുറക്കും. ഉമ്മമാർ കൈക്കുഞ്ഞുങ്ങളെ എടുത്ത് മുറ്റത്തിറങ്ങും. ഇത്താത്തമാർ കുഞ്ഞുസഹോദരങ്ങളുടെ കൈപിടിച്ച് വഴിയരികിൽ നിൽക്കും. വാപ്പമാർ പുഞ്ചിരിയോടെ റാലിയെ വരവേൽക്കും. ആരും വെറും കാഴ്ചക്കാരായിരുന്നില്ല, ഓരോ വീടും ആ റാലിയുടെ ആതിഥേയരായിരുന്നു.

ചെറിയ ചരൽവഴികൾ, അതിനോട് ചേർന്ന് പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾ, കാറ്റിനൊപ്പം തലയാട്ടുന്ന തെങ്ങുകളും കവുങ്ങുകളും, മഴനനഞ്ഞ മണ്ണിന്റെ മണം... അതിനിടയിലൂടെ ദിക്‌റുകളും സ്വലാത്തുകളും മദ്ഹ് ഗാനങ്ങളുമായി മുന്നേറുന്ന നബിദിന ഘോഷയാത്ര. മഴക്കാലത്ത് നടക്കുന്ന ആ റാലിക്ക് ചെറിയ പ്രയാസങ്ങളില്ലായിരുന്നില്ല. ചിലപ്പോൾ ചാറ്റൽമഴയായിരിക്കും, ചിലപ്പോൾ ചെളി നിറഞ്ഞ വഴികളും. കാലിൽ മണ്ണ് പറ്റും, കുപ്പായത്തിൽ ചെളി പുരളും. എന്നാൽ അതൊന്നും ഒരു ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല; കാരണം, മനസ്സ് നിറഞ്ഞിരുന്നത് മഴയേക്കാൾ വലിയ സന്തോഷം കൊണ്ടായിരുന്നു.

റാലിയുടെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായിരുന്നു വയലിൽ പള്ളി സിയാറത്ത്. ആ യാത്രയ്ക്ക് പറഞ്ഞറിയിക്കാനാകാത്ത ഒരു ആത്മീയ ഭംഗിയുണ്ടായിരുന്നു. വയലുകൾക്കിടയിലൂടെ നടന്ന് പള്ളിയിലെത്തുമ്പോൾ കുട്ടികളുടെ കളിചിരികൾ പോലും അറിയാതെ ശാന്തമാകും. സിയാറത്ത് കഴിഞ്ഞിറങ്ങുമ്പോൾ മനസ്സിൽ നിറയുന്ന ആ സമാധാനം ഇന്നും ഓർമ്മയുടെ ഏറ്റവും പവിത്രമായ കോണിൽ സൂക്ഷിച്ചിരിക്കുന്നു.

റാലി കടന്നുപോകുന്ന വഴിയിലെ ഓരോ വീട്ടുകാരും സ്വന്തം മക്കളെ കാത്തിരിക്കുന്നതുപോലെയാണ് ഞങ്ങളെ കാത്തിരിക്കുക. “മക്കളേ... ഇവിടേക്ക് വരൂ...” എന്ന് സ്നേഹത്തോടെ വിളിച്ച് മിഠായികൾ നീട്ടുന്ന, മധുരപലഹാരങ്ങളുമായി കാത്തുനിൽക്കുന്ന, ക്ഷീണം മാറാൻ നാരങ്ങാവെള്ളം കൈമാറുന്ന നാട്ടുകാർ. ആ സ്വീകരണത്തിൽ ഒട്ടും ഔപചാരികത ഉണ്ടായിരുന്നില്ല. അത് ഒരു ഗ്രാമത്തിന് ഒരു തലമുറയോടുള്ള സ്നേഹമായിരുന്നു. ആ മിഠായിയുടെ രുചിയെക്കാൾ ഉപരി അത് കൈയിൽ തന്ന മനുഷ്യരുടെ മുഖത്തെ പുഞ്ചിരിയാണ് ഇന്നും മനസ്സിലുള്ളത്. അതാണ് യഥാർഥ മധുരം. അന്നത്തെ പാലത്തുങ്കരയിൽ റാലിയിലുണ്ടായിരുന്ന ഓരോ കുട്ടിയും ആ നാടിന്റെ മുഴുവൻ മക്കളായിരുന്നു. ആരും ആരെയും വേർതിരിച്ച് കണ്ടിരുന്നില്ല. ഒരു ഗ്രാമം മുഴുവൻ ഒരുമിച്ച് നടന്നപ്പോൾ, ആ വഴികളിലൂടെ സഞ്ചരിച്ചത് ഒരു ഘോഷയാത്ര മാത്രമായിരുന്നില്ല, സ്നേഹവും വിശ്വാസവും ഒരു സമൂഹത്തിന്റെ ആത്മാവുമായിരുന്നു.

ആവേശം നിറഞ്ഞ റാലി മദ്രസയിൽ തിരിച്ചെത്തുന്നതോടെ അടുത്ത ഘട്ടത്തിന് തുടക്കമാകും. ഘോഷയാത്രയ്ക്ക് ശേഷം നടക്കുന്ന ഭക്ഷണ/മധുര വിതരണം കഴിഞ്ഞാൽ പിന്നെ നാട്ടുകാരും കുട്ടികളും കാത്തിരിക്കുന്നത് പാതിരാത്രിയോ പുലർച്ചെയോ വരെ നീണ്ടു നിൽക്കുന്ന നബിദിന പൊതുയോഗത്തിനാണ്.

റബീഉൽ അവ്വൽ അടുത്തെത്തിയാൽ മദ്രസയിലെ പതിവ് പാഠങ്ങൾക്കിടയിൽ പുതിയൊരു ആവേശം നിറയാറുണ്ട്. പൊതുയോഗത്തിനായുള്ള മത്സരങ്ങളുടെ ഒരുക്കങ്ങളാണത്. കുട്ടികൾ ഓരോരുത്തരും ഓരോ പരിപാടികളിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഒരാൾക്ക് മദ്ഹ് ഗാനം, മറ്റൊരാൾക്ക് പ്രസംഗം, ചിലർ സംഘഗാനത്തിലേക്ക്, ചിലർ ഭാഷാപ്രസംഗത്തിലേക്ക്. ആഴ്ചകളല്ല, ചിലപ്പോൾ മാസങ്ങൾ നീണ്ടുനിൽക്കുന്ന പരിശീലനമായിരുന്നു അത്. ഒരു വരി വീണ്ടും... ഒരു പാട്ട് വീണ്ടും... ഒരു പ്രസംഗം വീണ്ടും... അധ്യാപകർ ക്ഷമയോടെ തിരുത്തിക്കൊടുക്കും. ഉച്ചാരണം ശരിയാക്കും. വേദിയിൽ എങ്ങനെ നിൽക്കണം, എങ്ങനെ സംസാരിക്കണം എന്ന് പഠിപ്പിക്കും. വീട്ടിലെത്തിയാലും പരിശീലനം തുടരും. ഉമ്മ പ്രേക്ഷകയാകും, ഉപ്പ ശ്രദ്ധയോടെ കേൾക്കും, സഹോദരങ്ങൾ പ്രോത്സാഹിപ്പിക്കും. കണ്ണാടിക്ക് മുന്നിൽ നിന്ന് പ്രസംഗം പറയുന്ന കുട്ടികളുമുണ്ടായിരുന്നു. അന്ന് ഞങ്ങൾക്കത് ഒരു കളിപോലെയായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാകുന്നു—ഒരു തലമുറയുടെ ആത്മവിശ്വാസം പടുത്തുയർത്തുകയായിരുന്നു ആ പരിശീലനങ്ങൾ.

എന്നാൽ, പരിശീലനവേദിയും യഥാർഥ വേദിയും ഒരുപോലെയായിരുന്നില്ല. നബിദിന പൊതുയോഗത്തിന്റെ ദിവസം മൈക്കിന് മുന്നിൽ നിൽക്കുമ്പോൾ ഹൃദയം വേഗത്തിൽ മിടിക്കും. കാൽമുട്ടുകൾ കിടുകിടാ വിറയ്ക്കും. മുന്നിൽ സ്വന്തം നാട്ടുകാർ, ഉപ്പയും ഉമ്മയും, അധ്യാപകരും ബന്ധുക്കളും അയൽക്കാരും. പരിശീലനത്തിൽ ഒരു തെറ്റുമില്ലാതെ പറഞ്ഞ പ്രസംഗം പോലും അപ്പോൾ ഒരു നിമിഷം മനസ്സിൽ നിന്ന് മറഞ്ഞുപോകും. കൈകൾ ചെറുതായി വിറയ്ക്കും, ശബ്ദം പതറിപ്പോകും. പക്ഷേ, ബിസ്മിയും ഹംദും ചൊല്ലി ആദ്യവരി പുറത്തുവന്നാൽ പിന്നെ ആത്മവിശ്വാസം തനിയെ തിരിച്ചെത്തും. പരിപാടി കഴിഞ്ഞ് ഉയരുന്ന അഭിനന്ദനങ്ങൾ ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ട്. അവ വെറും പുകഴ്ത്തലുകളായിരുന്നില്ല, ഒരു കുഞ്ഞിന്റെ മനസ്സിൽ ആത്മവിശ്വാസത്തിന്റെ വിത്ത് വിതച്ച നിമിഷങ്ങളായിരുന്നു. ഇന്ന് സമൂഹത്തിൽ നന്നായി സംസാരിക്കുന്ന എത്രയോ ആളുകളുടെ ആദ്യ വേദി അന്നത്തെ ഈ മദ്രസ പൊതുയോഗങ്ങളായിരുന്നിരിക്കാം.

പൊതുയോഗം തുടങ്ങുമ്പോൾ ഗ്രാമം മറ്റൊരു ഭാവത്തിലേക്ക് മാറും. പള്ളിമുറ്റത്ത് തോരണങ്ങൾക്കിടയിൽ മനോഹരമായി അലങ്കരിച്ച വേദി. ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തുന്ന അറിയിപ്പുകൾ. കുടുംബസമേതം എത്തുന്ന നാട്ടുകാർ. കുട്ടികൾ വേദിക്ക് തൊട്ടുമുന്നിൽ പായകളിൽ ഇടംപിടിക്കും. മുതിർന്നവർ കസേരകളിലും ഇരിക്കും. അങ്ങനെ ഒരു ഗ്രാമം മുഴുവൻ ഒരു കുടുംബമായി മാറിയിരുന്ന സായാഹ്നങ്ങളായിരുന്നു അവ.

മദ്ഹ് ഗാനങ്ങൾ, സംഘഗാനങ്ങൾ, പ്രസംഗങ്ങൾ, സംഭാഷണങ്ങൾ... ഓരോ പരിപാടിയും കഴിയുമ്പോൾ, അടുത്തത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷ. നാട്ടുകാരുടെ പിന്തുണ ഓരോ കുട്ടിയുടെയും കഠിനാധ്വാനത്തിന് ആ നാട് ഒരൊറ്റ മനസ്സോടെ നൽകിയ കരുതലിന്റെ അടയാളമായിരുന്നു.

പരിപാടികൾ അവസാനിച്ചാൽ എല്ലാവരും ഒരേപോലെ കാത്തിരിക്കുന്ന മറ്റൊരു നിമിഷമുണ്ട്; സമ്മാനദാനം. ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും മാത്രമല്ല, ഓരോ ക്ലാസിലെയും മികച്ച വിദ്യാർഥികൾ, വർഷം മുഴുവൻ മദ്രസയിൽ അവധിയില്ലാതെ ഹാജരായവർ, പഠനത്തിലും അച്ചടക്കത്തിലും മാതൃകയായവർ—എല്ലാവരെയും പേരെടുത്ത് വിളിച്ച് ആദരിക്കുമായിരുന്നു. ഒരു ചെറിയ പുസ്തകമോ, ഒരു പേനയോ, അല്ലെങ്കിൽ ഒരു ഗ്ലാസ്സോ, മഗ്ഗോ ആയിരിക്കാം അത്. സമ്മാനം എന്താണെന്നതിലല്ല, ആ വലിയ വേദിയിലേക്ക് പേരുവിളിച്ച് കയറാൻ കഴിഞ്ഞതിലായിരുന്നു ഞങ്ങളുടെ സന്തോഷം. ആ നിമിഷങ്ങളിൽ മാതാപിതാക്കളുടെ കണ്ണുകളിൽ വിരിയുന്ന അഭിമാനം ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. പിന്നീട് ജീവിതത്തിൽ ലഭിച്ച എത്രയോ വലിയ അംഗീകാരങ്ങളേക്കാളും, ആ കുഞ്ഞുസമ്മാനങ്ങൾക്ക് മനസ്സിൽ ഇന്നും വേറിട്ടൊരു സ്ഥാനമുണ്ട്.

കാലം ഒരിടത്തും നിൽക്കില്ല, അതുപോലെ നമ്മുടെ പാലത്തുങ്കരയും മാറി. ഒരുകാലത്ത് ചെറിയ ചരൽവഴികളിലൂടെ നടന്നിരുന്ന നബിദിന ഘോഷയാത്രകൾ ഇന്ന് വിശാലമായ റോഡുകളിലൂടെയാണ് കടന്നുപോകുന്നത്. അന്നില്ലാതിരുന്ന സൗകര്യങ്ങൾ ഇന്ന് ഏറെയുണ്ട്. മദ്രസകളും മസ്ജിദുകളും വളർന്നു. പുതിയ പള്ളിയും മദ്രസയും വന്നു. റാലികൾ കൂടുതൽ വിപുലമായി. ദഫ് സംഘങ്ങളും, സ്കൗട്ട് ടീമുകളും, മദ്ഹ് ഗാനങ്ങൾ നിറഞ്ഞ വലിയ വാഹനങ്ങളും, വർണാഭമായ ഫ്ലവർ ഷോകളും ചേർന്ന് ഇന്നത്തെ നബിദിന ഘോഷയാത്രകൾ കൂടുതൽ ആധുനികമായിരിക്കുന്നു. നമ്മുടെ മദ്രസയിലും കഴിഞ്ഞ വർഷങ്ങളിലായി നബിദിന ഘോഷയാത്ര ഒരു വലിയ ജനകീയ ആഘോഷമായി മാറിയിരിക്കുന്നു. കുട്ടികൾ മാത്രമല്ല, മാതാപിതാക്കളും യുവാക്കളും മുതിർന്നവരും ഒന്നിച്ച് പങ്കെടുക്കുന്നു. സ്വന്തം മക്കളുടെ കൈപിടിച്ച് ദിക്‌റും സ്വലാത്തും ചൊല്ലി നടക്കാൻ കഴിയുന്നത് ഏതൊരു പിതാവിനും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്.
പക്ഷേ, ഈ കാഴ്ചകൾ കാണുമ്പോഴെല്ലാം എന്റെ മനസ്സിലേക്ക് കടന്നുവരുന്നത് മറ്റൊരു നിസ്സഹായതയാണ്—നമ്മുടെ പ്രവാസജീവിതം.

ജീവിതത്തിന്റെ നല്ലൊരു ഭാഗം നാട്ടിൽ നിന്ന് അകന്നുകഴിയേണ്ടി വന്നപ്പോൾ, റബീഉൽ അവ്വൽ പലപ്പോഴും മൊബൈൽ ഫോൺ സ്ക്രീനിലൂടെയാണ് എനിക്ക് കാണേണ്ടി വന്നത്. നാട്ടിൽ നിന്ന് സുഹൃത്തുക്കൾ അയച്ച ചിത്രങ്ങൾ, റാലിയുടെ തത്സമയ ദൃശ്യങ്ങൾ, ദഫ് സംഘത്തിന്റെ താളങ്ങൾ, എന്റെ മക്കൾ അണിനിരന്ന് നടക്കുന്നത്... എല്ലാം കണ്ണുകൾക്ക് മുന്നിലുണ്ടായിരുന്നു. പക്ഷേ, എന്റെ കാൽപ്പാടുകൾ മാത്രം അവിടെ അവരോടൊപ്പം ഉണ്ടായിരുന്നില്ല. വീഡിയോ അവസാനിച്ചാലും മനസ്സ് ഏറെ നേരം നാട്ടിൽ തന്നെയായിരിക്കും. വീഡിയോ ആരെങ്കിലും ഗ്രൂപ്പിൽ പോസ്റ്റിയിട്ടുണ്ടോ എന്ന് കണ്ണുംനട്ട് കാത്തിരിക്കുകയും, ഫോട്ടോകൾക്കായി പലരെയും വിളിച്ച് ചോദിക്കുകയും ചെയ്ത പ്രവാസദിനങ്ങൾ ഒരു നോവായി മനസ്സിലുണ്ട്.

മിക്ക പ്രവാസികളും ഇത്തരത്തിലുള്ള ഒരു പ്രത്യേക പിരിമുറക്കത്തിലൂടെ കടന്നു പോയിട്ടുണ്ടാകും. ഒരുകാലത്ത് മീലാദ് റാലിയിൽ സജീവമായി പങ്കെടുക്കുകയും, ദഫ് കളിക്കുകയും ചെയ്ത ഒരു വ്യക്തി, അടുത്ത വർഷം മണലാരണ്യത്തിലെ ഏകാന്തതയിലിരുന്ന് ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു ഗൃഹാതുരത്വം അവനെ വേട്ടയാടും. വർഷങ്ങളായി നാട്ടിൽ വന്ന് പോകുന്ന ഒരു അവധിയും, ഒരു റബീഉൽ അവ്വലും എനിക്ക് ഒത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ സ്വന്തം മദ്രസയുടെ റാലിയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതെ പോയത് മനസ്സിൽ ഇന്നും ഒരു വലിയ നഷ്ടമായി കിടക്കുന്നു. ജീവിതത്തിൽ ചില നഷ്ടങ്ങൾ അങ്ങനെയാണ്; അവ വലിയ ശബ്ദമുണ്ടാക്കില്ല, പക്ഷേ, എല്ലാ വർഷവും ഒരേ സമയത്ത് അവ മനസ്സിനെ നിശ്ശബ്ദമായി സ്പർശിച്ചുകൊണ്ടിരിക്കും.

ഈ വർഷം റബീഉൽ അവ്വൽ അടുത്തെത്തുമ്പോൾ, ആ പഴയ ആഗ്രഹം വീണ്ടും മനസ്സിൽ മുളച്ചുവരുന്നു. ഇത്തവണ... ഇത്തവണ ആ റാലിയിൽ എനിക്ക് പങ്കാളിയാകണം. ഒരുകാലത്ത് എന്റെ ഉപ്പയുടെ കൈപിടിച്ച് നടന്ന വഴികളിലൂടെ ഇന്ന് എന്റെ മക്കളുടെ കൈപിടിച്ച് എനിക്ക് നടക്കണം. ഒരിക്കൽ ഞാൻ വിദ്യാർഥിയായി അണിനിരന്ന മദ്രസയുടെ റാലിയിൽ ഇന്ന് ഒരു രക്ഷിതാവായി പങ്കെടുക്കണം. അതായിരിക്കും കാലം എനിക്ക് നൽകുന്ന ഏറ്റവും മനോഹരമായ സമ്മാനം.

ഒരു തലമുറയുടെ ഓർമ്മ അടുത്ത തലമുറയുടെ അനുഭവമായി മാറുന്ന നിമിഷം. അങ്ങനെ മാറുമ്പോഴാണ് ഒരു പാരമ്പര്യം ജീവിച്ചിരിക്കുന്നു എന്ന് പറയാൻ കഴിയുന്നത്. റബീഉൽ അവ്വൽ പഠിപ്പിച്ചതും അതുതന്നെയാണ്. ഒരുകാലത്ത് റാലിയുടെ മുന്നിൽ നടന്ന് ദിക്‌റും സ്വലാത്തും ഏറ്റുചൊല്ലിയിരുന്ന കുട്ടികളിൽ ഒരാളായിരുന്നു ഞാൻ. ഇന്ന് അതേ റാലിയിൽ എന്റെ മക്കൾ അണിനിരക്കുന്നു. ഒരിക്കൽ എന്റെ അധ്യാപകർ ഞങ്ങളുടെ ഹൃദയങ്ങളിൽ വിതച്ച നബി ﷺ യോടുള്ള സ്നേഹം, ഇന്ന് അതേ ആത്മാർത്ഥതയോടെ പുതിയ തലമുറയുടെ ഹൃദയങ്ങളിലേക്കും പകരുന്നത് കാണുമ്പോൾ, കാലം മാറിയാലും മൂല്യങ്ങൾ മാറുന്നില്ലെന്ന് മനസ്സിലാകുന്നു. പള്ളിമുറ്റത്ത് മുഴങ്ങുന്ന സ്വലാത്തുകൾ, ദിക്‌റുകളുടെ ഈണം, മദ്രസയിലേക്കോടുന്ന കുഞ്ഞുങ്ങളുടെ ആവേശം, റാലി കടന്നുപോകുമ്പോൾ വീടിന്റെ മുറ്റത്ത് കാത്തുനിൽക്കുന്ന മാതാപിതാക്കളുടെ പ്രാർത്ഥന നിറഞ്ഞ കണ്ണുകൾ... ഇവയെല്ലാം ഇന്നും അതേപോലെ തുടരുന്നു.

അതുകൊണ്ടാവാം, ഓരോ റബീഉൽ അവ്വലും എത്തുമ്പോൾ മനസ്സ് അറിയാതെ ബാല്യത്തിലേക്ക് മടങ്ങിപ്പോകുന്നത്. ഓർമ്മകൾക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്; അവ വർഷങ്ങൾ എണ്ണാറില്ല. ഒരു മണം, ഒരു ശബ്ദം, ഒരു ഗാനം, ഒരു തക്ബീർ... അത്രമാത്രം മതി, മനസ്സ് വീണ്ടും ആ പഴയ ചിറവഴികളിലൂടെ നടക്കാൻ.
എന്റെ ഓർമ്മകളിലെ പാലത്തുങ്കര ഇന്ന് ഭൂപടത്തിലെ ഒരു പ്രദേശം മാത്രമല്ല, അത് ജീവിതത്തിലെ ഒരു വലിയ പാഠശാലയാണ്. അവിടെ ഞാൻ പലതും പഠിച്ചു. അവിടെ ഞാൻ വേദിയിൽ ആദ്യമായി സംസാരിച്ചു, പാട്ടുകൾ കേട്ടു, തോറ്റും ജയിച്ചും വളർന്നു. ഒരു ഗ്രാമം എന്നത് വീടുകളുടെ കൂട്ടമല്ല, ഹൃദയങ്ങളുടെ കൂട്ടായ്മയാണെന്ന് ഞാൻ പഠിച്ചത് അവിടെനിന്നാണ്.

ഇന്ന് ജീവിതം എന്നെ എത്ര ദൂരെ കൊണ്ടുപോയെങ്കിലും, ഓരോ റബീഉൽ അവ്വലും ആ ദൂരത്തെ ഇല്ലാതാക്കുന്നു. മനസ്സ് വീണ്ടും മദ്രസയുടെ വരാന്തയിൽ എത്തിനിൽക്കുന്നു. അധ്യാപകരുടെ സ്നേഹനിർഭരമായ ശബ്ദവും കൂട്ടുകാരുടെ ചിരിയും കേൾക്കുന്നു. മഴ നനഞ്ഞ നെൽപ്പാടങ്ങൾക്ക് അതിരിടുന്ന ചിറവഴികളിലൂടെ മനസ്സ് വീണ്ടും നടന്നുതുടങ്ങുമ്പോൾ എവിടെയോ നിന്ന് ഒരു തക്ബീർ മുഴങ്ങുന്നുണ്ട്. ആ ശബ്ദം ചെവിയിലല്ല പതിക്കുന്നത്, ഹൃദയത്തിലാണ്.

കാരണം, റബീഉൽ അവ്വൽ ഒരു മാസം മാത്രമല്ല; അത് ഒരു ഓർമ്മയാണ്, ഒരു സംസ്കാരമാണ്, ഒരു തലമുറ അടുത്ത തലമുറയ്ക്ക് സ്നേഹത്തോടെ കൈമാറിയ ആത്മീയ പൈതൃകമാണ്.
ഈ റബീഉൽ അവ്വലിലും നമ്മുടെ വീടുകളിൽ സ്വലാത്തുകളുടെ സുഗന്ധം നിറയട്ടെ. നമ്മുടെ മദ്രസകൾ അറിവിനോടൊപ്പം അദബും സ്നേഹവും വളർത്തുന്ന കേന്ദ്രങ്ങളായി എന്നും നിലനിൽക്കട്ടെ. നമ്മുടെ മക്കളുടെ ഹൃദയങ്ങളിൽ നബി മുഹമ്മദ് മുസ്തഫ ﷺ യോടുള്ള സ്നേഹം കൂടുതൽ ആഴത്തിൽ വേരുറക്കട്ടെ. ഒരിക്കൽ നമ്മുടെ മാതാപിതാക്കൾ നമ്മെ കൈപിടിച്ച് കൊണ്ടുപോയതുപോലെ, നമുക്കും നമ്മുടെ മക്കളെ ആ ആത്മീയ വഴിയിലൂടെ നടത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ.
അല്ലാഹു നമുക്ക് ഖൈറും ബറക്കത്തും നൽകട്ടെ. നബി ﷺ യുടെ സ്നേഹവും സുന്നത്തും നമ്മുടെ ജീവിതത്തിലും നമ്മുടെ മക്കളുടെ ജീവിതത്തിലും എന്നും പ്രകാശമായി നിലനിൽക്കട്ടെ.
**ആമീൻ യാ റബ്ബൽ ആലമീൻ.**


Izzatul Islam Sunni Madrassa

എല്ലാവരും നേരത്തെ എത്തിയേക്കണേ
06/02/2026

എല്ലാവരും നേരത്തെ എത്തിയേക്കണേ

Address

Kannur

Telephone

+917561846427

Website

Alerts

Be the first to know and let us send you an email when Izzatul Islam Sunni Madrassa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Izzatul Islam Sunni Madrassa:

Shortcuts

Share