09/03/2018
#അലെപ്പോ_2018
#സംസ്കൃത_സർവ്വകലാശാല_കാലടി #ക്യാമ്പസ്_യൂണിയൻ_കലോൽസവം.
മാർച്ച് 12-15)
കലോൽസവം കലകളുടെ ഉത്സവം മാത്രമല്ല, നിരോധിക്കപ്പെടുന്ന കലാകാരോടുള്ള ഐക്യപ്പെടൽ കൂടിയാണെന്ന സമാനതകളില്ലാത്ത സാക്ഷ്യപ്പെടുത്തൽ ആയിരുന്നു നമ്മുടെ കഴിഞ്ഞ കലോത്സവങ്ങൾ..
ആ പ്രഖ്യാപനം കൂടുതൽ വിപുലവും നിരന്തരവുമാവുകയാണ്..
നിരോധിക്കപ്പെടുന്ന കലാകാരോടുള്ള ഐക്യപ്പെടൽ എന്നത് ലോകത്ത് അടിച്ചമർത്തപ്പെടുന്ന മുഴുവൻ മനുഷ്യരോടും ഉള്ള ഐക്യപ്പെടൽ എന്നതിലേക്ക് വിപുലമാവുകയാണ്..
ലോകമനസ്സാക്ഷിയുടെ കണ്ണുനീരും വേദനയുമായി സിറിയ മാറുന്ന ഒരു കാലയളവിലാണ് നമ്മൾ കലോത്സവത്തിനായി തയ്യാറെടുക്കുന്നത്..
ചിതറിപ്പോയ കുഞ്ഞു ശരീരങ്ങൾ നിരാശയുടെ രാഷ്ട്രീയം പറയുന്ന കാലത്ത് സിറിയയെക്കുറിച്ചുള്ള ചെറിയ നിശ്ശബ്ദത പോലും നമ്മളെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. "നിങ്ങളുടെ ചുറ്റുപാടുകളിൽ നടക്കുന്നത് ഉറക്കെ വിളിച്ചു പറയുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ വിപ്ലവ പ്രവർത്തനം" എന്ന് പറഞ്ഞു വച്ചത് റോസാ ലക്സംബർഗ് ആണ്.. സിറിയയും നമ്മുടെ ചുറ്റുപാടാണ് എന്ന് ഇൗ കലോത്സവം പറഞ്ഞുവെക്കുന്നു.. "എങ്ങു മനുഷ്യന് ചങ്ങല കൈകളിൽ അങ്ങെൻ കയ്യുകൾ നൊന്തീടുന്നു, എങ്ങോ മർദ്ദനം അവിടെ പ്രഹരം വീഴുവതെന്‍റെ പുറത്താവുന്നു" എന്ന് എൻ വി കൃഷ്ണവാര്യർ..
അതേ, ഇൗ കലോത്സവം അടിച്ചമർത്തപ്പെടുന്ന മനുഷ്യരുടെ പക്ഷത്താണ്. അവരുടെ അതിജീവനത്തിന്റെ പക്ഷത്താണ്...
നിരാശയുടെ ഇടങ്ങളെ പ്രത്യാശാനിർഭരമാക്കാനുള്ള നമ്മളുടെ ബാധ്യത കൂടി ഞങ്ങളീ കലോത്സവ കാലത്ത് തിരിച്ചറിയുന്നുണ്ട്..
സർവ്വകലാശാലയിലെ ഒഴിഞ്ഞ ഇടങ്ങളെ കൃഷിയിടങ്ങളാക്കി പരുവപ്പെടുത്തിക്കൊണ്ട് കൂടിയാണ് ഞങ്ങളീ കലോത്സവത്തെ വരവേൽക്കുന്നത്...
ക്യാമ്പസിലെ തരിശായ ഒരിടത്ത് കൃഷിയിറക്കിക്കൊണ്ടാണ് കലോത്സവത്തിന് ഉദ്ഘാടനം കുറിക്കപ്പെടുന്നത്.
അതിജീവിക്കുന്ന സിറിയൻ ജനതയോടോപ്പം നിന്ന് കൊണ്ട്, കലോത്സവത്തിന് സിറിയൻ നഗരമായ 'അലെപ്പോ'യുടെ പേരും കൊടുക്കുന്നു.
സിറിയൻ ആഭ്യന്തര കലാപത്തിനിടയിൽ ഏറ്റവും ഭീതിജനകമായ നാശനഷ്ടങ്ങൾ ഉണ്ടായത് 'അലെപ്പൊ'യിലാണ്.. എന്നിട്ടും ആ നഗരം അതിജീവനത്തിന്റെ പാതയിലാണ്.. നഷ്ടപ്പെട്ട ചരിത്ര സ്മാരകങ്ങളിൽ എത്രയോ എണ്ണം അവർ തിരിച്ചു പിടിച്ചിരിക്കുന്നു...
ആ അതിജീവന പോരാട്ടത്തോട് ഇൗ പേര് കൊണ്ട്, ഇൗ കലോത്സവം കൊണ്ട് ഞങ്ങൾ ഐക്യപ്പെടുന്നു.
*അലെപ്പോ 2018*
*സംസ്കൃത സർവ്വകലാശാല, കാലടി ക്യാമ്പസ് യൂണിയൻ കലോത്സവം*
*മാർച്ച് 12-15*