15/08/2019
2012-ൽ മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടിക്ക് വേണ്ടിയും 2017 -ൽ സുപ്രീം കോടതി നിർദ്ദേശിച്ച ശമ്പള പരിഷ്ക്കരണത്തിന് വേണ്ടിയും നടത്തിയ പോരാട്ടങ്ങൾക്ക് ശേഷം ഐ.എൻ.എ കേരളത്തിലെ നഴ്സുമാരുടെ പൊതു പ്രശ്നങ്ങളായ രോഗി- നഴ്സ് അനുപാത ക്രമീകരണവും നഴ്സുമാരുടെ നൈറ്റ് ഡ്യൂട്ടി ക്രമീകരണവും ഏറ്റെടുക്കുന്നു.
കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ഒന്നും തന്നെ രോഗി- നഴ്സ് അനുപാതം കൃത്യമായി പാലിക്കാറില്ല. രോഗീ - നഴ്സ് അനുപാതം സംബന്ധിച്ച് WHO പോലെയുള്ള ഓർഗനൈസേഷനുകൾ പറയുന്നത് വെന്റിലേറ്റർ പേഷ്യൻസിന് 1: 1 റേഷ്യയോയും, ഹൈ ഡിപ്പൻഡൻസി യൂണിറ്റുകളിൽ 1: 2 റേഷ്യയോയും, വാർഡുകളിൽ 1:6 റേഷ്യയോയും പാലിക്കണമെന്നാണ്. എന്നാൽ ലാഭം ഉണ്ടാക്കാനുള്ള തിരക്കിൽ സ്വകാര്യ ആശുപത്രി മാനേജുമെൻറുകൾ ആവിശ്യത്തിന് നഴ്സുമാരെ ജോലിക്കെടുക്കാതെ കൂടുതൽ രോഗികളെ, ഉള്ളവരെ വെച്ച് ശുശ്രൂഷിക്കുകയാണ്.ഇത് ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും നഴ്സുമാർക്ക് വലിയ ദോഷങ്ങൾ ഉണ്ടാക്കുന്നതുമാണ്.
സംഘടന ഏറ്റെടുക്കുന്ന മറ്റൊരു പ്രശ്നമാണ് നഴ്സുമാരുടെ നൈറ്റ് ഡ്യൂട്ടി ക്രമീകരണം.
നിലവിൽ പല സ്വകാര്യ ആശുപത്രികളിലും തുടർച്ചയായി 8 മുതൽ 10 ദിവസം വരെ നഴ്സുമാരെ കൊണ്ട് നൈറ്റ് ഡ്യൂട്ടി എടുപ്പിക്കുന്നുണ്ട്. തുടർച്ചയായി ഇത്ര ദിവസം രാത്രികളിൽ ഉറങ്ങാതിരിക്കുന്നത് നഴ്സുമാർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
ഇത് സംബന്ധിച്ച് സർക്കാർ ഒരു നിയമനിർമ്മാണം നടത്തണമെന്നാവിശ്യപ്പെട്ട് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ തൊഴിൽ മന്ത്രി ശ്രീ.ടി.പി.രാമകൃഷ്ണനും, ലേബർ കമ്മീഷണർക്കും കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 20 ന് ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഐ.ആർ.സി യോഗം ചേരും.