05/08/2017
" ആരാണ് എന്റെ യഥാർത്ഥ സുഹൃത്ത്? " എന്ന് ഒരിക്കലും ചോദിക്കരുത്. നിങ്ങൾ ചോദിക്കേണ്ടത് " ഞാൻ ആരുടെയെങ്കിലും യഥാർത്ഥ സുഹൃത്താണോ ?" എന്നാണ്. അതാണ് ശരിയായ ചോദ്യം. എന്തുകൊണ്ടാണ് നിങ്ങൾ മറ്റുള്ളവരെക്കുറിച്ച് ഉൽക്കണ്ഠപ്പെടുന്നത് - അവർ നിങ്ങളുടെ സുഹൃത്തുക്കളാണോ അല്ലെയോ എന്നതിനെപ്പറ്റി ?
നിങ്ങൾ കേട്ടുകാണും - " ആവശ്യത്തിനുപകരിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത് ". പക്ഷെ ആഴത്തിൽ അത് അത്യാഗ്രഹമാണ് ! അത് സൗഹൃദമല്ല, അത് പ്രണയമല്ല. നിങ്ങൾ മറ്റുള്ളവരെ ഒരു മാർഗ്ഗമെന്ന രീതിയിൽ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നു. ഒരു മനുഷ്യനും ഒരു മാർഗ്ഗമല്ല. ഒരോ മനുഷ്യനും അവനിലേക്കുതന്നെയുള്ള ഒരു ലക്ഷ്യമാണ്. ഇത് മറ്റേയാളെ ഉപയോഗപ്പെടുത്തുന്നതിന്റെ പ്രശ്നമല്ല. മറ്റേയാളെ ആവശ്യപ്പെടുന്നതിന്റെ പ്രശ്നം പോലുമല്ലിത്.
സൗഹൃദം ഒരു കലയാണ്. സൗഹൃദം പങ്കുവയ്ക്കപ്പെടേണ്ടതുണ്ട്. നിങ്ങളുമായി പങ്കുവയ്ക്കാൻ ആരാണോ തയ്യാർ അയാളാണ് സുഹൃത്ത്. അത് ആവശ്യത്തിന്റെ പ്രശ്നമല്ല. നിങ്ങൾ അപകടത്തിലാവുമ്പോൾ സുഹൃത്ത് നിങ്ങളുടെ സഹായത്തിന് വരണമെന്നതും ഒരു പ്രശ്നമല്ല. അയാൾ വരാം; വരാതിരിക്കാം. പക്ഷെ അയാൾ വന്നില്ലെങ്കിൽ നിങ്ങൾക്കൊരു പരാതിയും ഉണ്ടാവരുത്. അയാൾ വരികയാണെങ്കിൽ നിങ്ങൾ നന്ദിയുള്ളവനാണ്. വരണമോ വേണ്ടയോ എന്നത് അയാളുടെ തീരുമാനമാണ്. നിങ്ങൾ അയാളെ കൗശലംകൊണ്ട് മുതലെടുക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളയാളെ കുറ്റബോധമുള്ളവനാക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ അയാളോട് ഇപ്രകാരം പറയില്ല; " എനിക്ക് ആവശ്യമുണ്ടായിരുന്നപ്പോൾ നിങ്ങൾ തിരിഞ്ഞുനോക്കിയില്ല - എന്തുതരം സ്നേഹിതനാണ് നിങ്ങൾ?" സൗഹൃദം എന്നത് ചന്തസ്ഥലത്തെ എന്തെങ്കിലും അല്ല. അത്തരമൊരു സൗഹൃദയത്തെക്കുറിച്ച് നിങ്ങൾ ബോധവാനല്ലെങ്കിൽ, നിങ്ങൾക്കത് പഠിക്കേണ്ടതുണ്ടാകും.
ഓഷോ