04/01/2021
“ ഓരോ ദിവസവും ഓരോ അനുഭവങ്ങളാണു . കുറേ നാളുകളായി ആ അനുഭവങൾ ഒരു ഡയറിയിൽ എഴുതണമെന്ന് ചിന്തിക്കുന്നു . അങ്ങനെ ഇന്ന് മുതൽ ഞാനെഴുതി തുടങ്ങുന്നു . എന്റെ കൈ എഴുത്ത് എനിക്കല്ലാതെ മറ്റൊരാൾക്ക് വായിക്കാൻ പ്രയാസമായതിനാൽ , അതും ഈ മൊബെയിലിൽ തന്നെ എഴുതി വെക്കുന്നു “ . ഒരു മാസം മുമ്പെഴുതി തുടങ്ങിയ ഡയറിയിലെ ആദ്യ വരികളാണിത് .
കുറേ നാൾ മുമ്പ് എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു അന്നന്നത്തെ കാഴ്ച്ചകളും , ചിന്തകളും ഒരു ഡയറിയിൽ കുറിച്ച് വെക്കുക എന്നത് . പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ്സിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ നോട്ടിൽ എഴുതും . മാഷങ്ങനെ നോട്ട്സ് പറഞ്ഞ് പോകും , അത് കേട്ട് നമ്മളെഴുതണം . പലതും ഞാനന്ന് പൂർണ്ണമായും എഴുതില്ല , ചിലത് ആ ആദ്യത്തെ കുറച്ച് വാക്കെഴുതും . പിന്നെ നീട്ടി കുറുക്കി എനിക്ക് മനസ്സിലാകും എന്ന രീതിയിലങ്ങ് എഴുതി വെക്കും ( നമ്മളിതെത്ര കണ്ടതാണെന്ന ചിന്തയിൽ ) . സംഗതി അപ്പൊ ആ അക്ഷരങ്ങൾ നോക്കിയാൽ എനിക്ക് മനസ്സിലാകും എങ്കിലും , പിന്നെ നോക്കുമ്പോൾ ഒന്നും മനസ്സിലാവില്ല . പൊതുവേ കൈ അക്ഷരവും എനിക്കെന്നല്ലാതെ ചിലത് മറ്റുള്ളൊർക്ക് വായിച്ചാലും മനസ്സിലാകില്ല .
ഇപ്പൊ പലപ്പോഴും യാത്രയിലോ അല്ലെങ്കിൽ എന്തെങ്കിലും സംസാരിക്കുന്നതിന്നിടക്ക് ഓർമ്മ വരുന്നതോ ആയ കാര്യങ്ങൾ പിന്നീട് മറന്ന് പോവാതിരിക്കാൻ ഫോണിൽ തന്നെ എഴുതി വെക്കും . അങ്ങനെ എഴുതി വെക്കണ്ട എനിക്ക് നാളേയും ഓർമ്മെയിൽ വരും എന്ന് കരുതുന്ന കാര്യങ്ങളിൽ പലതും പിന്നെ ഞാൻ മറന്ന് പോവാറുണ്ട് .
ഈ വർഷം ആദ്യത്തിൽ മുതൽ ഡയറി എഴുത്ത് തുടങ്ങണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത് . പക്ഷേ അത് പിന്നെ നീണ്ട് പോയി . ഇപ്പോൾ നിങ്ങൾ വായിക്കുന്ന ഈ വരികളും ഞാൻ കുറേ ദിവസങ്ങൾക്ക് മുമ്പ് എഴുതി തുടങ്ങിയതാണു .
ജീവിത യാത്രക്കിടെയിൽ നമ്മളിടക്കിടെ ഒന്ന് വീണു വലുതും ചെറുതുമായ വീഴ്ച്ചകൾ അല്ലെങ്കിൽ തോൽവികൾ . അതിന്ന് കാരണം നമ്മളറിയുന്നതോ അറിയാത്തതോ ആവാമെങ്കിലും , ആ വീഴ്ചകളിൽ നിന്ന് എഴുനേറ്റ് ഒന്ന് തിരിഞ്ഞ് നോക്കുക എന്തെങ്കിലുമൊക്കെ ഒരു തിരിച്ചറിവ് ലഭിക്കും .
പക്ഷേ നാമത് ഉൾക്കൊള്ളണം .
കാലത്തിനേയും സമയത്തിനേയും നമ്മളൊരിക്കലും കുറ്റപ്പെടുത്തരുത് , എല്ലാം നമുക്കൊരനുഭവമാണു . നമ്മുടെ കാരണം കൊണ്ടല്ലായെങ്കിൽ ആ അനുഭവങ്ങളെ നാം നേരിടുക ശുഭ പ്രതീക്ഷയോടെ .
ഇന്നലേകളിലേക്ക് നമ്മളൊന്ന് തിരിഞ്ഞ് നോക്കിയാൽ മതി , നാളേയിലേക്കുള്ള പ്രതീക്ഷയും ഊർജ്ജവും അതിൽ നിന്ന് ലഭിച്ചേക്കാം .
വരും നാളുകൾ നന്മ നിറഞ്ഞതും , ശുഭ പ്രതീക്ഷയുടേതുമായിരിക്കട്ടേയെന്ന പ്രാർത്ഥനയോടെ പുതുവൽസരാശംസകൾ .
സ്നേഹപൂർവ്വം മുന്ന ..