25/12/2025
സംരംഭകത്വ–ഡിജിറ്റൽ ശാക്തീകരണ പരിപാടികൾക്ക് ആവശ്യമായ പ്രാധാന്യവും പിന്തുണയും ഉറപ്പാക്കും
നടുവണ്ണൂർ: സ്ഥിരമായ വരുമാന സ്രോതസുകളാണ് ഒരു നാടിന്റെ സമഗ്ര വികസനത്തിന്റെ അടിത്തറ. അത്തരം വരുമാന സാധ്യതകൾ സൃഷ്ടിക്കാൻ സഹായിക്കുന്ന സംരംഭകത്വ–ഡിജിറ്റൽ ശാക്തീകരണ പരിപാടികൾ ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമാണെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ റീമ കുന്നുമ്മൽ പറഞ്ഞു. ഇത്തരം പരിപാടികൾക്ക് ജില്ലാപഞ്ചായത്ത് തലത്തിൽ ആവശ്യമായ പ്രാധാന്യവും പിന്തുണയും ഉറപ്പാക്കുമെന്നും അവർ അറിയിച്ചു.
സാമ്പത്തിക വളർച്ചയും ഡിജിറ്റൽ ശാക്തീകരണവും ലക്ഷ്യമാക്കി സംരംഭം ആരംഭിക്കുക, വികസിപ്പിക്കുക, പ്രതിസന്ധികൾ മറികടക്കുക, വിപണനം നടത്തുക എന്നീ വിഷയങ്ങൾ ഉൾക്കൊള്ളിച്ച് കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള എൻ.സി.വി.ടി. യുടെ അംഗീകാരത്തോടെ നടുവണ്ണൂരിൽ പ്രവർത്തിക്കുന്ന മലബാർ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ഐ.ടി.ഐ. ക്യാമ്പസിൽ സംഘടിപ്പിച്ച എംപവർ–2025 സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സ്മാർട്ട് വുമൻ–2025 എന്ന പേരിൽ വനിതകൾക്കായി സംഘടിപ്പിച്ച കമ്പ്യൂട്ടർ പരിശീലന പരിപാടിയുടെ തുടർപ്രവർത്തനമായാണ് ഈ സെമിനാർ സംഘടിപ്പിച്ചത്. എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ച് മൂന്ന് പ്രധാന സെഷനുകളായിട്ടാണ് പരിപാടി നടത്തിയത്.
ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശ്രീമതി ടി.സി. നിമിഷ നേതൃത്വം നൽകിയ സംരംഭകത്വം എന്ന സെഷൻ സംരംഭകത്വത്തെ കുറിച്ച് പൊതുവായ അവബോധം നൽകി.
കുടുംബജീവിതവും സംരംഭ ഉത്തരവാദിത്വങ്ങളും എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്ന വിഷയത്തിൽ സൈക്കോളജിക്കൽ കൺസൾട്ടന്റ് ഫെബിൻസുനു അസീദ് നയിച്ച സെഷൻ വനിതകൾക്ക് ഏറെ പ്രയോജനകരമായിരുന്നു.
പേഴ്സണൽ ബ്രാൻഡിംഗ് ആൻഡ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന സെഷൻ ഇത്ര ഫ്യൂച്ചർ ബ്രാൻഡ് കൺസൾട്ടന്റ് മുഹമ്മദ് നാസിം നയിച്ചു.
കോളജ് ഡയറക്ടർ കെ. മുഹമ്മദ് റിഷാൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി.പി. ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്മാർട്ട് വുമൻ–2025 പരിപാടിയിൽ പങ്കെടുത്ത വനിതകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കോളജ് ചെയർമാൻ കുന്നുമ്മൽ ഇബ്രാഹിം നിർവഹിച്ചു. മാനേജ്മെൻ്റ് പ്രതിനിധി വി.കെ. ഷർമിനാസ് സ്ഥാപനത്തെ പരിചയപ്പെടുത്തി.
വാകയാട് ഹയർ സെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് കോർഡിനേറ്റർ ഡോ. നിസാർ ചേലേരി, ഇത്ര ഫ്യൂച്ചർ ഡയറക്ടർ ജാസ്മിൻ ഷഫീഖ്, അധ്യാപകരായ അശ്വതി സുകു, എം.വി. ഷൈജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പ്രിൻസിപ്പൽ എം.വി. അജീബ നന്ദി അറിയിച്ചു.