07/08/2025
പുനര്‍ഗേഹം പദ്ധതിയിലൂടെ നാളിതുവരെ 5,361 കുടുംബങ്ങള്‍ക്ക് സർക്കാർ സുരക്ഷിത ഭവനമൊരുക്കി. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്ന അസംഖ്യം പ്രവര്‍ത്തനങ്ങളാണ് എൽഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് പുനര്‍ഗേഹം പദ്ധതി. 460 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് പദ്ധതിക്ക് കീഴില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത്. 260 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. വ്യക്തിഗത ഭവന നിര്‍മാണം പൂര്‍ത്തീകരിച്ച് പുനരധിവസിപ്പിക്കപ്പെട്ടവരുടെ എണ്ണം 2,488 ആണ്. ഫ്‌ലാറ്റുകള്‍ പൂര്‍ത്തീകരിച്ച് പുനരധിവസിപ്പിക്കപ്പെട്ടവരുടെ എണ്ണം 390 വരും. പുരോഗമിക്കുന്ന വ്യക്തിഗത ഭവന നിര്‍മാണ ഘട്ടങ്ങള്‍ 1,347ഉം ഫ്‌ലാറ്റ് നിര്‍മാണം 1,136ഉം ആണ്. കെട്ടുറപ്പുള്ള കടലാക്രമണ ഭീഷണിമുക്തമായ സുരക്ഷിത ഭവനം സ്വന്തമാകുന്നതോടെ തീരദേശ മേഖലയുടെ വലിയൊരു ആശങ്കയാണ് അകലുന്നത്. കാര്യക്ഷമമായ ഇടപെടലുകളിലൂടെ സര്‍വതോമുഖ ക്ഷേമം ഉറപ്പാക്കി എല്ലാവര്‍ക്കും കരുത്തും കരുതലുമാവുകയാണ് നമ്മുടെ സര്‍ക്കാർ. പുനർഗേഹത്തിൻ്റെ ഭാഗമായി മുട്ടത്തറയിൽ നിർമ്മാണം പൂർത്തിയാക്കിയ 332 ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറുകയാണ്. 68 ഫ്ലാറ്റുകൾ രണ്ടാം ഘട്ടത്തിൽ പൂർത്തിയാകും. ഓരോ ഫ്ലാറ്റിലും ഒരു ഇരുപ്പമുറി, ഭക്ഷണമുറി, രണ്ട് ബെഡ് റൂമുകള്‍, ശൗചാലയം, അടുക്കള എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 'പ്രത്യാശ' എന്നാണ് ഈ ഭവന സമുച്ചയത്തിനു പേരു നൽകിയിരിക്കുന്നത്. അതീ സർക്കാരിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിൻ്റെ പ്രതീകം കൂടിയാവുകയാണ്. ഒരുമിച്ച്, ഓരോ വെല്ലുവിളിയും മറികടന്ന്, ഓരോ പദ്ധതിയും പൂർത്തീകരിച്ച് ഒറ്റക്കെട്ടായി നമുക്കു മുന്നോട്ടു പോകാം.