07/05/2018
എന്താണ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകൾ അഥവാ ഐടിഐ? എൻ സി വി ടി , എസ് സി വി ടി സര്ടിഫിക്കറ്റുകൾ തമ്മിൽ എന്താണ് വ്യത്യാസം? .........
ഐ.ടി.ഐകള്‍ പേര് വ്യക്തമാക്കുന്നതു പോലെ വ്യവസായങ്ങള്‍ക്കാവശ്യമായ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളാണ്. അറിവു നേടുന്നതിലുപരി തൊഴിലധിഷ്ഠിത പരിശീലനത്തിനാണ് ഇവിടെ പ്രാധാന്യം. ഐ.ടി.ഐയില്‍ കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് വ്യവസായശാലകള്‍ അപ്രന്റീസ്ഷിപ്പ് പരിശീലനവും നല്‍കുന്നു.
ഈ പരിശീലനങ്ങള്‍ അധിക യോഗ്യതയായും പ്രവൃത്തിപരിചയമായും പരിഗണിക്കും. നമ്മുടെ വ്യവസായങ്ങളുടെ വളര്‍ച്ചക്ക് ഐ.ടി.ഐകളുടെ വികസനവും അത്യന്താപേക്ഷിതമാണ്. കേരളത്തിന്റെ തൊഴില്‍, സ്വയം തൊഴില്‍ സംരംഭങ്ങളില്‍ ഐ.ടി.ഐകള്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാകാത്തതാണ്. വിദേശത്തും ഏറെ തൊഴിൽ സാദ്ധ്യതകൾ ഉണ്ട്.
ഐ.ടി.ഐകളുടെ നടത്തിപ്പ് ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെങ്കിലും പാഠ്യപദ്ധതി, പാഠ്യക്രമം, സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ തുടങ്ങിയവ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ അധീനതയില്‍ പെടുന്നു. ഐ.ടി.ഐകളില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങ്ങ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.
അതിനായി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്ങിനെ (എന്‍.സി.വി.ടി.) ചുമതലപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടാണ് ഐ.ടി.ഐകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് എന്‍.സി.വി.ടിയുടെ എന്‍.ടി.സി (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്) എന്ന പേരു വന്നത്
തൊഴില്‍ വിപണിക്കനുസരിച്ച് പഠനവിഷയങ്ങളില്‍ കാലാകാലം മാറ്റം വരുത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങ് ഒട്ടും വൈമനസ്യം പ്രകടിപ്പിക്കാറില്ല. അതിനാല്‍ കാലത്തിനനുസരിച്ച കോഴ്സുകളാണ് ഐ.ടി.ഐകളില്‍ പഠിപ്പിക്കുന്നത്.
പുതിയ തൊഴില്‍സാഹചര്യങ്ങളില്‍ പ്രസക്തി നഷ്ടപ്പെട്ടു എന്ന് കണ്ടെത്തി രാജ്യമെമ്പാടുമായി 20 ട്രേഡുകള്‍ 2014 ജൂലായ് 4ന് എന്‍.സി.വി.ടി റദ്ദാക്കി.
ഈ ട്രേഡുകളെല്ലാം കാലഹരണപ്പെട്ടതിനാല്‍ ഒഴിവാക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഇവയ്ക്ക് പകരം അതത് സംസ്ഥാനങ്ങള്‍ക്ക് പുതിയ ട്രേഡുകള്‍ ആരംഭിക്കാം. അതിന് എസ്.സി.വി.ടി കോഴ്സുകള്‍ എന്നാണ് പറയുന്നത്. അവ വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ എസ്.സി.വി.ടി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.