03/05/2024
C Dawood എഴുതുന്നു......
- ആണുങ്ങളെ മാത്രം സംഘടിപ്പിച്ച് പന്തു കളി സംഘടിപ്പിക്കുക. അതിന് ഫിഫ വേൾഡ് കപ്പ് എന്ന് പേരിടുക. അതിന്റെ ആരവങ്ങളെല്ലാമടങ്ങിക്കഴിയുമ്പോൾ ഫിഫ വിമൻസ് കപ്പ് എന്ന പേരിൽ ആരുമറിയാതെ മറ്റൊരു മേള സംഘടിപ്പിക്കുക. നമ്മളാരും ഇതെക്കുറിച്ച് ഒന്നും പറയില്ല. അർജന്റൈൻ കളിക്കാരിലാരെങ്കിലും ചെ ഗുവേരയെ പച്ചകുത്തിയിട്ടുണ്ടെങ്കിൽ അതെക്കുറിച്ചെഴുതുന്നത് മാത്രമാണ് ഫിഫ കപ്പുമായി ബന്ധപ്പെട്ട ഞങ്ങളുടെ സാംസ്കാരിക പഠനം. ആണുങ്ങളുടെ കപ്പ് വേൾഡിന്റെ കപ്പാവുന്നതിൽ ഞങ്ങൾ സ്ത്രീ വിവേചനം കാണുന്നേയില്ല. അതുമായി ബന്ധപ്പെട്ട പൊളിറ്റിക്കൽ, ജൻഡർ ക്വസ്റ്റ്യൻസ് ഞങ്ങൾ ചോദിക്കില്ല.
കാരണം, അത് മുസ്ലിംകൾ സംഘടിപ്പിക്കുന്നതല്ല.
- സർക്കാർ നടത്തുന്ന കോളെജുകളിലും സർക്കാർ സഹായത്താൽ നടത്തുന്ന കോളെജുകളിലും ബോയ്സ് ഹോസ്റ്റലുകളും ഗേൾസ് ഹോസ്റ്റലുകളുമുണ്ട്. അതിലെന്ത് സ്ത്രീ വിവേചനം? നമുക്ക് ഹോസ്റ്റൽ മുറ്റത്തെ ഗുൽമോഹറുകളെ കുറിച്ച് കവിതയെഴുതിയാൽ പോരേ?
കാരണം, ആ ഹോസ്റ്റലുകളൊന്നും മുസ്ലിംകൾ നടത്തുന്നതല്ല.
- സർക്കാർ ആഭിമുഖ്യത്തിൽ നഗരങ്ങളില്ലാകെ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളുണ്ട്. ഇതെന്ത് കൂത്ത്; ആ പെണ്ണുങ്ങൾക്കൊക്കെ വർക്കിംഗ് മെന്റെ കൂടെ താമസിച്ചാൽ പോരേ എന്ന് ഞങ്ങൾ ചോദിക്കില്ല.
കാരണം, ആ ഹോസ്റ്റലുകൾ നടത്തുന്നത് മുസ്ലിംകളല്ല.
പക്ഷേ, മുസ്ലിംകളുടെ കല്യാണപ്പന്തലിൽ ആണുങ്ങളും പെണ്ണുങ്ങളും വേറെ വേറെയിരുന്ന് ഭക്ഷണം കഴിച്ചാൽ ഞങ്ങൾക്ക് വിപ്ലവം നടത്താതിരിക്കാൻ പറ്റില്ല.
------------------------ -------
CE 595ലാണ് മുഹമ്മദ് എന്ന 25കാരനായ യുവാവ് ഖദീജ എന്ന 40കാരി വിധവയെ വിവാഹം കഴിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രണയ ജീവിതങ്ങളിലൊന്നായിരുന്നു അത്. ആ യുവാവ് 40ാം വയസിലെത്തുമ്പോൾ പ്രവാചകനാവുന്നു. ഇസ്ലാമിലെ അന്ത്യ പ്രവാചകൻ.
CE 1934ലാണ് ചരിത്രത്തിലാദ്യമായി നമ്പൂതിരി സമുദായത്തിൽ ഒരു വിധവാ വിവാഹം നടക്കുന്നത്; യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ. അത് അവർക്ക് എന്തോ വലിയ വിപ്ലവമായിരുന്നു. (വിധവയെ വിവാഹം കഴിച്ച മുഹമ്മദിനെ 14 നൂറ്റാണ്ട് മുമ്പ് മുമ്പ് മുസ്ലിംകൾ പ്രവാചകനായി സ്വീകരിക്കുകയായിരുന്നുവെങ്കിൽ 1934 ൽ വിധവയെ വിവാഹം കഴിച്ച എം.ആർ.ബിക്ക് അദ്ദേഹത്തിന്റെ സമുദായം ഭ്രഷ്ട് കൽപിക്കുകയായിരുന്നു!).
ആ പ്രവർത്തനത്തിലൂടെയൊക്കെ കടന്നുവന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് എന്ന ചെറുപ്പക്കാരനാണ് കേരളത്തിൽ മാർക്സിസം പ്രചരിപ്പിക്കുന്നത്. യോഗക്ഷേമസഭയുടെ കുഞ്ഞു ലോകത്തെ കുഞ്ഞു വിപ്ലവങ്ങളാണ് ലോകത്തെ മഹാ കാര്യങ്ങളെന്ന് കരുതുന്നയാളായിരുന്നു അദ്ദേഹം. തന്റെ സമുദായം പോലെയാണ് ബാക്കി എല്ലാ സമുദായങ്ങളും എന്നായിരുന്നു അദ്ദേഹം വിചാരിച്ചിരുന്നത്. അതിനാൽ തന്റെ സമുദായത്തിൽ നടന്ന, താൻ വലിയ വിപ്ലവമെന്ന് വിചാരിക്കുന്ന കാര്യങ്ങൾ മറ്റ് സമുദായങ്ങളിലും നടക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. നമ്പൂതിരി സമുദായത്തിന്റെ ശക്തികളും ദൗർബല്യങ്ങളും മാത്രമായിരുന്നു അദ്ദേഹത്തിന്റെ കയ്യിലുള്ള ഏക സ്കെയിൽ. ആ സ്കെയിൽ വെച്ചാണ് അദ്ദേഹം ലോകത്തെ അളന്നത്. ആ മനസുമായി അദ്ദേഹം എന്തെല്ലാമോ എഴുതി കൂട്ടി. ആ എഴുത്തുകൾ നമ്പൂതിരിപ്പാടിന്റെ ഭാവനകൾ (മാത്രം) പേറി നടക്കുന്നവർക്ക് വലിയ കൾചറൽ ക്യാപിറ്റലായി തോന്നി. റഷ്യയിൽ സ്ലാവ് മാർക്സിസം വളർന്നു വന്നത് പോലെ, ചൈനയിൽ ഹാൻ മാർക്സിസം പോലെ, കേരളത്തിൽ ഒരു നമ്പൂതിരി മാർക്സിസം ഉയർന്ന് വരികയായിരുന്നു. പുരോഗമന കലാ സാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത്, ജനാധിപത്യ മഹിളാ അസോസിയേഷൻ, ബാലസംഘം തുടങ്ങിയ സംവിധാനങ്ങൾ ഈ നമ്പൂതിരിമാർക്സിസത്തിന്റെ സാംസ്കാരിക വിനിമയ വേദികളായി. അവർ വിളമ്പിയ സാംസ്കാരിക സദ്യ ആഹരിച്ചു വളർന്നവരാണ് ഇന്ന് യുക്തിവാദികൾ, നവനാസ്തികർ, പുരോഗമനവാദികൾ, ഇടതു ലിബറലുകൾ തുടങ്ങിയ പല തൂലികാ നാമങ്ങളിൽ അറിയപ്പെടുന്നത്. ഇന്നലെയുയർന്ന് വന്ന പല ഓൺലൈൻ മാധ്യമങ്ങളും നമ്പൂതിരിപ്പാടിന്റെ അതേ ലോക ബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു ഡിഗ്നിഫൈഡ് ചിന്താ ജെറോം എന്നതാണ് അവരുടെ വൈജ്ഞാനികതയുടെ പരമാവധി.
ഞങ്ങളുടെ അടുക്കള പോലെയാണ് നിങ്ങളുടെയും അടുക്കള, ഞങ്ങളുടെ കൂട്ടത്തിലെ വിധവകൾ പോലെയാണ് നിങ്ങളുടെയും വിധവകൾ, ഞങ്ങളുടെ എച്ചിൽ പോലെയാണ് നിങ്ങളുടെ ഭക്ഷണം എന്നൊക്കെയാണ് അവർ വിചാരിക്കുന്നത്. വിവാഹ മോചിതയായ മുസ്ലിം സ്ത്രീ, ജീവിതകാലം മുഴുവൻ മുൻ ഭർത്താവിന്റെ ചെലവിൽ വൈധവ്യം പേറി ജീവിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ബോൾഷെവിക് വിപ്ലവം കണക്കെ കൊണ്ടാടാനുള്ള നമ്പൂതിരിപ്പാടിന്റെ നീക്കമാണ് എൺപതുകളിലെ ശരീഅത്ത് വിവാദത്തിന്റെ ഹേതു. മുസ്ലിംകളെ പൈശാചികവത്കരിക്കുന്ന ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ സാംസ്കാരിക പദ്ധതിയായിരുന്നു അത്. മുസ്ലിമിനെ നമ്പൂതിരിയാക്കാൻ നടത്തിയ ശ്രമം. അതെന്തോ മഹത്തായ പുരോഗമന വിപ്ലവമായിരുന്നുവെന്ന് വിചാരിക്കുന്ന സാധുക്കളാണ് ഇന്ന് മുസ്ലിം സ്ത്രീകളുടെ ഇരിപ്പിടം നിശ്ചയിക്കുന്നത്.
യോഗക്ഷേമ സഭക്കാർ നമ്പൂതിരി സ്ത്രീകളെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കൊണ്ടുവരുന്നതിന് കാലങ്ങൾക്ക് മുമ്പ് കണ്ണൂരിലെ അറക്കൽ ബീവിമാർ ഭരണാധികാരികളായി ഉണ്ടായിരുന്നുവെന്ന്, നമ്പൂതിരി മാർക്സിസ്റ്റുകൾ കൂലിയെക്കുറിച്ച് സംസാരിക്കുന്നതിന് എത്രയോ മുമ്പ് കാളയുടെ മുതുകിൽ നിന്ന് നുകം എടുക്കുമ്പോൾ തന്നെ കൂലി ചോദിച്ചിരിക്കണം എന്ന് പഠിപ്പിച്ച മമ്പുറം തങ്ങൾ ഉണ്ടായിരുന്നുവെന്ന്, സാർവദേശീയ ഗാനം നിങ്ങൾ പാഠിത്തുടങ്ങുന്നതിന് മുമ്പ് ഫ്രഞ്ചുകാരുമായി നയതന്ത്ര / സാംസ്കാരിക വിനിമയങ്ങൾ നടത്തിയിരുന്ന ടിപ്പു സുൽത്താൻ ഇവിടെ സമുദായ രൂപീകരണം നടത്തിയിരുന്നുവെന്ന് ഒക്കെ അറിയുന്നത് നല്ലതാണ്. ഇരിപ്പിട വിപ്ലവത്തിനിറങ്ങുമ്പോൾ അതെല്ലാം ഉപകാരപ്പെടും.
---------------
പഴയ നമ്പൂതിരി ട്രൗസർ പിന്നെയും വലിച്ചു കേറ്റി വള്ളി മുറുക്കുന്നതാണ് മാധ്യമ / സാംസ്കാരിക പ്രവർത്തനം എന്ന് ഞാൻ ഏതായാലും കരുതുന്നില്ല.